താരാഗണത്തില്‍ നടുവില്‍ ചിരി തൂകി നിന്നു
വാരാര്‍ന്ന തൂവമൃതു പാരിലുതിര്‍ത്തു തിങ്കള്‍
ആരമ്യശോഭയിരു കണ്ണുകളില്‍ പടര്‍ന്നാല്‍
ആരാകിലും ഹൃദയഭാരമൊഴിഞ്ഞുപോവും
വസന്തതിലകം.
ലോകം ചിലര്‍ക്കു സുഖമായിവരുന്നു നിത്യം
ലോകം ചിലര്‍ക്കസുഖമേകുവതും വിചിത്രം
ശോകം വെടിഞ്ഞുകഴിയാനൊരുവന്‍ സമൂലം
ലോഭം ത്യജിച്ചിടുക,യാത്മനി ചിന്തനീയം.
വസന്തതിലകം.
ശോണാധരത്തിലുണരുന്നൊരു മന്ദഹാസം
കാണുന്ന നേരമുളവായിടുമാത്മഹര്‍ഷം
വേണുന്നപോലെ തവലീലകളൊന്നുകാണാന്‍
വേണം വരങ്ങള്‍,ഹരി,ഞാനിത കൈതൊഴുന്നേന്‍.
വസന്തതിലകം.
ഒരുപൊഴുതിനിയെങ്ങാന്‍ കാര്യവിഘ്നം വരുമ്പോള്‍
കരുതുകയൊരു ദൈവം മാത്രമാണാശ്രയിപ്പാന്‍
കരുണയൊടുടനാര്‍ക്കും വിഘ്നനാശം വരുത്തും
ദ്വിരദവദനപാദം സാദരം കുമ്പിടുന്നേന്‍.
മാലിനി.
(ദ്വിരദവദനന്‍ = ഗണപതി)
ഓലപ്പീപ്പിവിളിച്ചു ഞാന്‍ തൊടികളില്‍ ചാടിക്കളിച്ചൊട്ടുനാള്‍
ഓലക്കെട്ടിടമായൊരക്കളരിയില്‍ വിദ്യാര്‍ത്ഥിയായാദ്യമായ്
ഓലക്കത്തൊടു ജീവിതം മഹിതമായ് തീര്‍ത്തിന്നിതേ നാള്‍വരേ
ഓലംചൊല്ലിയലഞ്ഞിടാനിടവരാന്‍ വിട്ടില്ല സര്‍വ്വേശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
കാണിക്കും ഹൃദി വേണ്ട ശങ്കയിനിമേല്‍ കാവ്യത്തിലീമട്ടിലായ്
കാണിക്കും കവിമന്നവര്‍ രസകരം ജാലങ്ങളിന്നീവിധം
കാണിപ്പൊന്നുകണക്കവര്‍ നടയിതില്‍ വെയ്ക്കുന്ന കാവ്യങ്ങളില്‍
കാണിയ്ക്കുന്നു വിദഗ്ദ്ധമാം രചനതന്‍ വാണീവരം നിസ്തുലം!
ശാര്‍ദ്ദൂലവിക്രീഡിതം.
പയ്യെപ്പയ്യെയെനിക്കു തോന്നി ഭുവനം സ്വര്‍ലോകമെന്നും സ്വയം
പയ്യെപ്പയ്യെ സുഖത്തിനുള്ള വകകള്‍ കണ്ടെത്തിയാറാടണം
പയ്യെപ്പയ്യെയടുത്തു കണ്ട വിനകള്‍ ചൊല്ലിത്തരുന്നാ ശ്രമേ
പയ്യെപ്പയ്യെലഭിക്കുമാത്മസുഖമേ സ്വര്‍ഗ്ഗം വരം മന്നിതില്‍
ശാര്‍ദ്ദൂലവിക്രീഡിതം.
മട്ടോലുംമൊഴിതന്റെ വാക്കിലിളകീ, ഭീമന്‍ പുറപ്പെട്ടു ചെ-
ന്നുത്സാഹത്തൊടു മേടുകാട്ടി വിപിനേയാര്‍ക്കുന്ന നേരത്തുടന്‍
വൃദ്ധന്‍ വാനരനൊന്നു ചൊല്ലി,”യിനിയെന്‍ വാലൊന്നൊമാറ്റീട്ടു നീ
പൊയ്ക്കോ”,പിന്നെ നടന്നതാലെ വിനയം കൈവന്നു കൌന്തേയനും.
ശാര്‍ദ്ദൂലവിക്രീഡിതം.
മിണ്ടാനുണ്ടിവനിണ്ടലൊന്നു സുമുഖീ, കാണാതെ നീയെങ്ങുപോയ്
ഉണ്ടാവേണമടുത്തുതന്നെയിനിമേല്‍ ഞാനെന്നുമാശിച്ചുപോയ്
വണ്ടാര്‍കൂന്തലിലൊന്നു തൊട്ടുതഴുകിച്ചേര്‍ത്തുല്ലസിച്ചാ മണി-
ച്ചുണ്ടില്‍ നല്ലൊരുമുത്തമേകുവതിനായ് ചിത്തം തുടിപ്പൂ ,പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.
വന്നാട്ടേ വിജയാ,നിനക്കു വിജയം നേരുന്നു,നീയോര്‍ത്തിടൂ
നിന്‍ജ്യേഷ്ഠന്‍ വിജിഗീഷു കര്‍ണ്ണനുസമം വേറില്ലൊരാള്‍ നിശ്ചയം
നിന്‍താതന്‍ കപടംകളിച്ചു കവചം ധര്‍മ്മാര്‍ത്ഥിയായ് നേടി നിന്‍-
വന്‍നേട്ടത്തിനു മൂലമായതു മറന്നീടൊല്ല നിര്‍ല്ലജ്ജമായ്.
ശാര്‍ദ്ദൂലവ്വിക്രീഡിതം.
വാണീദേവിയുണര്‍ന്നിടേണമിനിയെന്‍ നാവില്‍ സദാ വര്‍ണ്ണമായ്
വാണീടേണമതിന്നു നിന്‍ പദമലര്‍ തേടുന്നിവന്‍ പൂര്‍ണ്ണമായ്
ചേണാര്‍ന്നുള്ള ഭവത്പദങ്ങളണിയും സ്വര്‍നൂപുരക്വാണമായ്
ഈണംചേര്‍ന്നുണരേണവേണമിനിയും കാവ്യം സുവര്‍ണ്ണാഭമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.
എത്തിടുന്ന ജനചിത്തമാകെ നിറയുന്ന ഗോപശിശുവാണു,വ-
ന്നത്തലാകെയൊഴിവാക്കിടും മനസിയാത്തമോദവുമുയര്‍ത്തിടും
ഹൃത്തടത്തിലവനെത്തിടും നിമിഷമാത്മനിര്‍വൃതിയുണര്‍ന്നിടു-
ന്നിത്തരത്തിലവനൊത്തവണ്ണമുടനേകിടാം കുസുമമഞ്ജരീ.
.കുസുമമഞ്ജരി.
കട്ട വെണ്ണയൊരുമട്ടു തിന്നു കളിയാടിയോടി വരുമിന്നവന്‍
കഷ്ടതയ്ക്കു പരിഹാരമേകി സകലര്‍ക്കു തോഷവുമുതിര്‍ത്തവന്‍
തുഷ്ടിയോടെയിവനിഷ്ടമായ വരമൊക്കെയെന്നുമരുളുന്നവന്‍
സ്പഷ്ടമായിവരുമെന്റെ ഹൃത്തിലവനെപ്പൊഴും, കരുണയുള്ളവന്‍
കുസുമമഞ്ജരി.
മുട്ടുകുത്തി മൃദുഹാസമോടെയരികത്തുവന്നപടി,യൊച്ചവെ-
ച്ചിഷ്ടമായി മടിയില്‍ക്കരേറി നറുമുത്തമൊന്നു കവിളില്‍ തരും
കൊച്ചുപൈതലിവനേകിടുന്ന സുഖനിര്‍വൃതിക്കുപകരം വരാന്‍
മെച്ചമായവകയുച്ചരിപ്പതിനുമില്ല,തെല്ലുമിതി
കുസുമമഞ്ജരി.
ആളിക്കും തോന്നി ദുഃഖം, കളമൊഴിയിതുപോല്‍ നാഥനേയോര്‍ത്തുനിന്നാല്‍
ആളിക്കും ദുഃഖഭാരം വിധി,യിതു കഠിനം തന്നെയെന്നോര്‍ത്തു പോവും
ആളുന്നാ ഹൃത്തടത്തില്‍ കുളിരതുപകരാനെത്തിടേണ്ടോന്‍ മറന്ന-
ങ്ങാളുന്നൂ രാജ്യഭാരം ,മറവിയതൊഴിയും മോതിരം പോയി, കഷ്ടം!
സ്രഗ്ദ്ധര.
നേരോതാം,ശ്ലോകമോരോതരമിവിടെഴുതാനാഗ്രഹിക്കു
നേരേപോയക്കവീന്ദ്രര്‍ പലരുടെ രചനാവൈഭവം നീ ഗ്രഹിക്കൂ
പാരാതേ ചേര്‍ക്ക നന്നാം പലവിധപദമൊത്തര്‍ത്ഥവും വൃത്തഭംഗ്യാ
പാദങ്ങള്‍ വെച്ചുനോക്കൂ, സുഖകരമിതുപോല്‍ ശ്ലോകമാര്‍ക്കും രചിക്കാം.
സ്രഗ്ദ്ധര.
പാരം ക്ഷീണിച്ചു ഞാനീ പടികളൊരുവിധം കേറി നിന്‍ മുന്നിലെത്തും
നേരം നേരിട്ട ദുഃഖം സകലതുമുടനേ തീര്‍ന്നുപോയെന്നു കാണ്മൂ
തീരം കാണാതെ കാറ്റിന്‍ കലിയിലിളകിടും തോണിയാമെന്റെ ജീവ-
സ്സാരം നിന്മുന്നിലര്‍പ്പിച്ചതിനൊരു നിവരംകൂടി ഞാന്‍ നേടി ഭക്ത്യാ.
സ്രഗ്ദ്ധര.
തുഷാരഗിരിതന്നില്‍ നടമാടുമൊരു ഭാവമൊടു വാണിടണമെന്റെ ഹൃദയേ
വൃഷധ്വജനൊടെന്റെയൊരുചത്ഥമിതുതന്നെയതിലില്ല
പരാപരനതിന്നു വഴിനല്‍കിടുമെനിക്കതുല മോദവുമുണര്‍ന്നുയരുമേ
വരുന്നഴലുമാറ്റിടുവതിന്നു വരമേകിടുമിവന്നതിനു ശംഭു ശരണം.
ശംഭുനടനം.
ശൈലശിഖരത്തിലൊരു പാദമെഴുതാനിവനു നൈപുണിതരൂ ഭഗവതീ
ശങ്കരി ശിവങ്കരിയതിന്നിവനു ശക്തിതരു നിങ്കലിവനെന്നുമഭയം
എന്‍കരമതിന്നു തവപാദയുഗളം പണിയുമില്ലതിനു തെല്ലു മടിയും
ശങ്കയിവനില്ലയിനിയെന്നുമിവനാ നടയിലെത്തിടുമതേറെ സുകൃതം.
ശൈലശിഖരം.(നവീനവൃത്തം)
ഭംജസന ഭംജസന ഗായൊടുവില്‍ വന്നിടുകില്‍ ശൈലശിഖരം നിരനിരേ.
അല്ലെങ്കില്‍
ശംഭുനടനത്തിനുടെയാദ്യലഘുനീക്കിടുകില്‍ ശൈലശിഖരം നിരനിരേ.
*********************************************************************************