Slokavenu

Monday, May 2, 2011

ശ്ലോകമാധുരി.23

ദുരിതങ്ങളൊടുക്കുവതിന്നു ദിനം
ശിവശങ്കരനാമജപം ശരണം
ഭുവിതന്നിലിതാര്‍ക്കുമതിന്‍ ഫലമാം
ഭവഭാഗ്യവരം ശിവനേ തരണം.
തോടകം.

അല്പമായ ധനലാഭമോര്‍ത്തു നാം
അല്പമായ വിടുവേല ചെയ്യൊലാ
അല്പവിദ്യയറിവോടെ ചെയ്കിലി-
ന്നല്പമൊക്കെയെവനും ക്ഷമിക്കിലും
രഥോദ്ധത.

ചേലൊത്തു ചെഞ്ചുണ്ടൊടു ചേര്‍ത്തിടും നിന്‍
ചേണുറ്റൊരോടക്കുഴലായിയെങ്കില്‍
മാലൊക്കെ മാറും,തവപാദപത്മേ
കാലക്രമാല്‍ ചേര്‍ന്നിടുമെത്ര ഭാഗ്യം!.
ഇന്ദ്രവജ്ര.
ബാലം മുകുന്ദം പരമാത്മരൂപം
ചേലൊത്തു ചിത്തേ തെളിവായ് വരേണം
ആലീന നീലാഭ കലര്‍ന്ന ഗാത്രം
ആലക്ഷ്യമായീടുകിലെന്റെ ഭാഗ്യം
ഇന്ദ്രവജ്ര.
ലാവണ്യവും ബുദ്ധിയുമൊന്നുപോലേ
യേകില്ല പെണ്ണിന്നു വിധീശ്വരന്‍ കേള്‍
എന്നാലതോര്‍ക്കാതൊരു തെറ്റുപറ്റീ-
ട്ടല്ലോ നിനക്കീവരമേകി വേധസ്സ് .
ഇന്ദ്രവജ്ര.

“കറുപ്പിനുണ്ടേഴു നിറം“ ഗമയ്ക്കാ-
കറുത്തപെണ്ണിന്റെ കരം പിടിച്ചേന്‍
ഉറച്ചുതന്നേ പറയാം സുഹൃത്തേ
കറുപ്പിനുണ്ടേറെ നിറം,സഹിക്കാം.
ഉപേന്ദ്രവജ്ര.

ജാജ്ജ്വല്യമാന ശുഭകാന്തിയൊടെന്റെ ചിത്തേ-
യുജ്ജ്രംഭിതാഭ പകരും ശിവവിഗ്രഹത്തില്‍
മുജ്ജന്മപാപമഖിലം നലമായൊഴിക്കാ-
നിജ്ജന്മപുണ്യമൊരു മാലയതാക്കിടാം ഞാന്‍.
വസന്തതിലകം.
കാലന്റെ പാദപതനം വരുമെന്ന തോന്നല്‍
കാലങ്ങളോളമളവില്‍ കവിയുന്നിതെന്നില്‍
കാലന്റെകാലനുടെ സന്നിധിപൂകി നിത്യം
കാലന്റെ പാശമൊഴിവാന്‍ കഴല്‍ കൂപ്പിടുന്നൂ.
വസന്തതിലകം.
നാലാണു വേദമതു നാലുമതിപ്രസിദ്ധം
നാലാണു മുക്തികളു ചേരുവതിന്നു സിദ്ധം
നലാശ്രമങ്ങളൊരുവന്നു വരുന്നു, സൌഖ്യം
നാലാണു നാലുമൊരുപോലെ വരാനസാദ്ധ്യം.
വസന്തതിലകം

ദാരിദ്ര്യദുഃഖശമനം വരുവാന്‍ നടന്ന-
ങ്ങാരബ്ധമാക്കി പലവേലകളും മഹേശാ
പോരാതെതോന്നി തവമുമ്പിലണഞ്ഞു പൂര്‍ണ്ണം
തീരാത്തദുഃഖമൊഴിവാന്‍ വഴിതേടിടുന്നേന്‍
വസന്തതിലകം.
“വണ്ടാണു ഞാന്‍,സകലചെണ്ടുകളില്‍ മുരണ്ടു-
തെണ്ടുന്നതാണു മമ ജീവിതദൌത്യമോര്‍ക്കൂ”
പണ്ടേ നിനക്കിവിധമുണ്ടൊരു തുണ്ടുഞായം
മിണ്ടേണ്ടെനിക്കതിലുമില്ലൊരു ശണ്ഠ,വണ്ടേ.
വസന്തതിലകം.
പെട്ടെന്നു വന്നു മമ കഷ്ടത തീര്‍ന്നുവെന്നു
പൊട്ടിച്ചിരിച്ചു പറയുന്നതു കേട്ടിടുമ്പോള്‍
ഒട്ടല്ല ചിന്തകളുദിപ്പതു,നിന്റെ ഭാവം
വട്ടല്ലെയെന്നു ഹൃദി തോന്നുകയാണു,സത്യം.
.വസന്തതിലകം.
ആ രാമമന്ത്രമൊരു പത്തുരു ചൊല്ലിടുമ്പോള്‍
നേരാണു ശാന്തിവരുമെന്നതിലില്ല മായം
ആ രാവണന്നു ഗതിയേകിയ രാമചന്ദ്രന്‍
പാരാതെ വന്നു വരമേകിടുമിന്നു നൂനം.
വസന്തതിലകം.
മന്ദസ്മിതത്തൊടരികത്തുവരുന്ന നിന്നോ-
ടെന്തൊക്കെയോതിടുവതെന്നു നിനപ്പു ഞാനും
കന്ദര്‍പ്പബാണമദമേറ്റു തളര്‍ന്നു ഞാനോ
കുന്തപ്പെടുന്നു പൊളിയല്ലതുതന്നെ സത്യം.
വസന്തതിലകം.

നന്നായ് നടക്കുമൊരു കാവ്യസദസ്സിലിന്നീ
മാന്ദ്യം വരുന്നതിനു കാരണമെന്തു,ചൊല്ലൂ
രണ്ടാളുകൂടിയിതിലൊന്നുവരുന്നുവെന്നാല്‍
ഉണ്ടായിടുന്ന രസമൊന്നു നിനയ്‌ക്ക നമ്മള്‍..
വസന്തതിലകം.
ചെറുതല്ലിതുപോലെ കാവ്യജാലം
പകരും തന്മയഭാവമെത്രചിത്രം
പുലരിപ്രഭതന്നിലീ നിരത്തില്‍
പതിയേയൊന്നു നടന്നുപോയിടും പോല്‍
വസന്തമാലിക.
അലമാലകളോടിയോടിവന്നെ-
ന്നുടലില്‍ തൊട്ടുതലോടിടുന്നു മെല്ലേ
വ്യഥയേറിവലഞ്ഞൊരെന്റെ ദുഃഖം
സദയം പത്നി തലോടിമാറ്റിടുംപോല്‍.
വസന്തമാലിക.

ജനതതിയുടെ സൌഖ്യം തന്നെയാണേതൊരാളും
കരുതുക,യതുതാനേ ക്ഷേമമാവുള്ളു പൂര്‍ണ്ണം
അതിനൊരു കുറവെങ്ങാന്‍ വന്നുവെന്നാല്‍ സുഹൃത്തേ
ഭരണമടിപുഴക്കാനൊത്തുകൂടും ജനങ്ങള്‍.
മാലിനി.
ആദ്യം തന്നെ പറഞ്ഞിടാം ഹിതകരം തന്നേയിതിന്നീവിധം
പദ്യം തീര്‍ത്തു രസിച്ചിടാന്‍ തുനിയുവോര്‍ക്കെല്ലാമിതാ സ്വാഗതം
ഗദ്യം പോലെ രചിക്കുവോര്‍ പണിപെടും,കാണട്ടെ,വൃത്തത്തിലായ്
ഹൃദ്യം തന്നെ രചിച്ചിടാം പലവിധം ശ്ലോകങ്ങളാസ്വാദ്യമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

“ജ്യേഷ്ഠാ,സോദരി വീരനായ പതിയോടൊത്തൊന്നു ചേരട്ടെ,നാ-
മിഷ്ടം പോലെയവര്‍ക്കു നല്‍ക വരമാമാശംസകള്‍ ശാന്തമായ് “
ഇത്ഥം ചൊല്ലി സഹോദരന്റെ വിഷമം തീര്‍ത്തോരു കണ്ണന്‍ കനി-
ഞ്ഞര്‍ത്ഥംചേര്‍ന്നൊരു സൌഖ്യമൊന്നിവനുമിന്നേകേണമര്‍ത്ഥിപ്പു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
ഇല്ലാ മറ്റൊരുചിന്തയെന്റെ ദയിതേ,നീയെന്റെ സര്‍വ്വം സഖീ
മല്ലാരിപ്രഭു തന്റെ സൌഷ്ഠവവരംതാന്‍ നീയെനിക്കെന്‍ പ്രിയേ
അല്ലല്‍തീര്‍ന്നു ധരിത്രിതന്നില്‍ സുഖമായ്‌വാഴാന്‍ നമുക്കൊന്നുമേ-
യില്ലാ വിഘ്നമതിന്നിടയ്ക്കിവനില്‍ നീ ചാര്‍ത്തുന്നുവോ സംശയം.
ശാര്‍ദ്ദൂലവിക്രീഡിതം.
പാടേ പാടുക,പാടവത്തൊടു നറുംപാട്ടിന്റെയാ ശീലുകള്‍
പാടാന്‍ വന്ന വനപ്രിയേ,മടിയിനിക്കാട്ടൊല്ല പാടീടുവാന്‍
കൂടും നമ്മുടെ മോദവും, സടകുടഞ്ഞാടീടുമാപീഡനം
വാടാന്‍ ഞാന്‍ വരുമൊന്നു നിന്റെ മധുരം ഗാനം ശ്രവിച്ചീടുവാന്‍
ശാര്‍ദ്ദൂലവിക്രീഡിതം.
സത്യം ധര്‍മ്മമതൊക്കെയിന്നു മറയുന്നീനാട്ടില്‍ നിന്നും സ്ഥിരം
മദ്യം തന്നില്‍ മയങ്ങിടുന്ന യുവതയ്ക്കെല്ലാം വിനോദം വൃഥാ
മത്തേറുന്നൊരിവര്‍ക്കു ഹൃത്തില്‍ വിളയാ കാരുണ്യവും സ്നേഹവും
കുത്തും കൊള്ളയുമൊക്കെ വിത്തവഴിയായ്,ചിത്തം മരയ്ക്കുന്നു മേ.
ശാര്‍ദ്ദൂലവിക്രീഡിതം.
കാലാകാലമെനിക്കുതോന്നിപലതും കാലംകഴിച്ചീടുവാന്‍
കാലോപേതമെടുത്ത വേലമതിയാ,വേറേയെടുക്കാം ശ്രമം
കാലംപോകെ ലഭിച്ചൊരീ പണിയിതില്‍ തൃപ്തം,സുഭിക്ഷം,സുഖം
കാലേകൂട്ടിയെനിക്കുവേണ്ടവിധമായ് തോന്നിച്ചു സര്‍വ്വേശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം..
കണ്ടോരൊക്കെ വലിഞ്ഞുകേറിയിവിടം കണ്ടം കണക്കാക്കിയോ
കണ്ടിട്ടെന്തിനു മിണ്ടുവാന്‍ മടിയുമായ് നീ നിന്നിതെന്തീവിധം
കുണ്ടാമണ്ടികള്‍കാട്ടിടുന്നവരെനീ ദണ്ഡിച്ചിടാതെന്തിനീ
കണ്ഠക്ഷോഭമുയര്‍ത്തിയെന്നെ വെറുതേ പ്രീതിപ്പെടുത്തുന്നു നീ.
ശാര്‍ദ്ദൂലവിക്രീഡിതം.
ഉണ്ടോ നൈപുണി തൂലികയ്ക്കു മധുരം ശ്ലോകങ്ങളിന്നീവിധം
ചെണ്ടോടൊത്തതുപോലെതന്നെ നലമായെന്നും വിടര്‍ത്തീടുവാന്‍
മണ്ടത്തങ്ങളുരച്ചിടാതെ കവിതാപാദങ്ങളാരമ്യമായ്
ഉണ്ടാക്കീടുവതിന്നതിന്നു കഴിവെന്‍ വാണീ തുണച്ചേകണേ.
ശാര്‍ദ്ദൂലവിക്രീഡിതം
ഇന്ദ്രന്‍ പണ്ടൊരു നാരിതന്റെ സവിധം ചെന്നല്ലൊ വേഷംമറ-
ച്ചെന്താണന്നവനത്തരത്തിലധമം ചെയ്തീടുവാന്‍ കാരണം
കന്ദര്‍പ്പന്റെ മദം തരുന്ന വിശിഖം മാറില്പതിച്ചാല്‍ സ്വയം
മാന്ദ്യംവന്നു മനസ്സിലാര്‍ക്കുമെവനും ദുശ്ചിന്തകള്‍ നിശ്ചയം.
ശാര്‍ദ്ദൂലവിക്രീഡിതം.
വേണൂ,നിന്നൊടെനിക്കസൂയപെരുകും,കണ്ണന്റെ ശോണാധരം
വേണും‌പോലെ മുകര്‍ന്നിടാനനുദിനം ഭാഗ്യംനിനക്കല്ലയോ
വേണുന്നൊക്കെയൊരുക്കി ഞാന്‍ പലമുറയ്ക്കേറെശ്രമിച്ചെങ്കിലും
വേണോയെന്ന വിചാരമോടെയവനങ്ങോടിക്കളഞ്ഞെപ്പൊഴും.
ശാര്‍ദ്ദൂലവിക്രീഡിതം.
ഏതോ വാക്കുകളൊക്കെയര്‍ത്ഥരഹിതം ബിംബങ്ങളാണെന്ന മ-
ട്ടെട്ടുംപൊട്ടുമറിഞ്ഞിടാതെ പദമായ് കുത്തിക്കുറിച്ചൊത്തപോല്‍
കിട്ടും വേദിയിലൊക്കെയെത്തിയലറിപ്പാടുന്നൊരീ വര്‍ഗ്ഗമാ-
ണത്യന്താധുനികം പറഞ്ഞു കവിതാസാരം മുടിക്കുന്നവര്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
പാമ്പിന്‍ മെത്തയിലാണു നിന്റെ ശയനം,സമ്പ്രീതമാംദര്‍ശനം
പൂമാതിന്നുടലോടു ചേര്‍ന്ന മിളിനം, സന്തോഷമാ മേളനം
ക്രൂരം നക്തചരര്‍ക്കു ഭീതിജനനംനല്‍കുന്ന നിന്നാനനം
കാണുന്നോര്‍ക്കു വരുന്നു പാപശമനം,നീ മന്നിനുജ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം
വാക്കിന്നുള്ളൊരു ശക്തി വാളിനു വരാ,ദുര്‍വാക്കിനാല്‍ ഹൃത്തടം
വീക്കംകൊണ്ടിടുമെന്നതല്ല മുറിവോ ശീഘ്രം ശമിക്കാ ദൃഢം
വാളാലുള്ളൊരു ഛേദമൊക്കെയൊഴിയും കാലക്രമാലെന്നതാല്‍
വാക്കാലാര്‍ക്കുമൊരിക്കലും കഴിവതും ക്ലേശങ്ങള്‍ നല്‍കീടൊലാ.
ശാര്‍ദ്ദൂലവിക്രീഡിതം.
ദീനം കൊണ്ടു വലഞ്ഞു ഭൂസുരനൊരാള്‍ പണ്ടെത്തി നിന്‍ മുന്നിലായ്
നൂനം തീര്‍ത്തൊരു കാവ്യമെത്ര മധുരം ശ്ലോകങ്ങളാല്‍ നിര്‍ഭരം
മൌനം ഞാനവ ചൊല്ലിനിന്റെ സവിധേ വന്നീടുമിന്നദ്രുതം
ശൂന്യം വന്നിടുവാനിവന്റെ കദനം,വാതാലയേശം ഭജേ.
ശാര്‍ദ്ദൂലവിക്രീഡിതം.
ദേവാ,നിന്നുടെ മുന്നിലെത്തി വിവിധം ശ്ലോകങ്ങളര്‍ഘ്യങ്ങളായ്
ആവും മട്ടു രചിച്ചു ശോകമകലാനര്‍പ്പിപ്പു ഭക്ത്യാദരം
നീറും വേദനകൊണ്ടു ഞാന്‍ വലയുമീ നേരത്തു നീയെന്നിയേ
വേറേ ദൈവതമില്ലെനിക്കു വരമാമാലംബമായ്,ശ്രീഹരേ.
ശാര്‍ദ്ദൂലവിക്രീഡിതം.
നീറല്ലേ തവ മൌലിതന്നില്‍നിറവായ് മാറുന്നൊരാഗംഗയും
നീറല്ലേ തവ ഭൂഷയായിയുടലൊന്നാകേ ധരിച്ചുള്ളതും
നീറില്ലേ തവ ദൃഷ്ടിതന്നില്‍ വരുമാ നിഷ്ഠൂരരാം ദൈത്യരും
നീറില്ലേ തവ ദര്‍ശനം പ്രതിദിനം കിട്ടായ്കിലെന്‍ ചിത്തവും.
ശാര്‍ദ്ദൂലവിക്രീഡിതം.

ധന്യേ,നീയെന്തിനെന്നേയിതുവിധമഴലില്‍ ചേര്‍ത്തു സംതൃപ്തി നേടീ
അന്യന്‍ ഞാനെന്നു വന്നോ,ഹൃദയമുരുകിടുംമട്ടു ഞാന്‍ പീഡ ചെയ്തോ
മാന്യന്‍താനെന്നു ചിന്തിച്ചൊടുവിലിവനില്‍ വന്‍തെറ്റു കണ്ടോ വൃഥാ,യീ-
മന്നില്‍ ഞാന്‍ നിന്നിലല്ലാതപരയൊരുവളില്‍ കാണ്മതില്ലാ സഖിത്വം.
സ്രഗ്ദ്ധര.
കവിയെന്നുള്ളൊരു പേരുകേട്ടിടാനായ്
വിവരക്കേടുകള്‍ ബിംബമാക്കിയൊക്കേ
ചവറായ് കൂട്ടിരചിച്ചതൊന്നു നോക്കേ
കവിയും ദുഃഖമതാര്‍ക്കു തീര്‍ക്കുവാനാം.
ആതിര.(നവീനവൃത്തം)
സഭരം‌യം വരുമാതിരയ്ക്കു പാദം.
അഴലിന്നൊക്കെയൊഴിഞ്ഞു പോയിടാനായ്
കരുണാവാരിധി തന്റെ പാദപത്മം
സ്ഥിരമായ് ചിത്തമദം ത്യജിച്ചു ഭക്ത്യാ
ഭജനം ചെയ്യുകതന്നെയാണു മാര്‍ഗ്ഗം.
ആതിര.

No comments:

Post a Comment