Slokavenu

Tuesday, July 12, 2011

ശ്ലോകമാധുരി.27.

ശ്ലോകമാധുരി.27
താരാഗണത്തില്‍ നടുവില്‍ ചിരി തൂകി നിന്നു
വാരാര്‍ന്ന തൂവമൃതു പാരിലുതിര്‍ത്തു തിങ്കള്‍
ആരമ്യശോഭയിരു കണ്ണുകളില്‍ പടര്‍ന്നാല്‍
ആരാകിലും ഹൃദയഭാരമൊഴിഞ്ഞുപോവും
വസന്തതിലകം.

ലോകം ചിലര്‍ക്കു സുഖമായിവരുന്നു നിത്യം
ലോകം ചിലര്‍ക്കസുഖമേകുവതും വിചിത്രം
ശോകം വെടിഞ്ഞുകഴിയാനൊരുവന്‍ സമൂലം
ലോഭം ത്യജിച്ചിടുക,യാത്മനി ചിന്തനീയം.
വസന്തതിലകം.

ശോണാധരത്തിലുണരുന്നൊരു മന്ദഹാസം
കാണുന്ന നേരമുളവായിടുമാത്മഹര്‍ഷം
വേണുന്നപോലെ തവലീലകളൊന്നുകാണാന്‍
വേണം വരങ്ങള്‍,ഹരി,ഞാനിത കൈതൊഴുന്നേന്‍.
വസന്തതിലകം.

ഒരുപൊഴുതിനിയെങ്ങാന്‍ കാര്യവിഘ്നം വരുമ്പോള്‍
കരുതുകയൊരു ദൈവം മാത്രമാണാശ്രയിപ്പാന്‍
കരുണയൊടുടനാര്‍ക്കും വിഘ്നനാശം വരുത്തും
ദ്വിരദവദനപാദം സാദരം കുമ്പിടുന്നേന്‍.
മാലിനി.
(ദ്വിരദവദനന്‍ = ഗണപതി)

ഓലപ്പീപ്പിവിളിച്ചു ഞാന്‍ തൊടികളില്‍ ചാടിക്കളിച്ചൊട്ടുനാള്‍
ഓലക്കെട്ടിടമായൊരക്കളരിയില്‍ വിദ്യാര്‍ത്ഥിയായാദ്യമായ്
ഓലക്കത്തൊടു ജീവിതം മഹിതമായ് തീര്‍ത്തിന്നിതേ നാള്‍വരേ
ഓലംചൊല്ലിയലഞ്ഞിടാനിടവരാന്‍ വിട്ടില്ല സര്‍വ്വേശ്വരന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.

കാണിക്കും ഹൃദി വേണ്ട ശങ്കയിനിമേല്‍ കാവ്യത്തിലീമട്ടിലായ്
കാണിക്കും കവിമന്നവര്‍ രസകരം ജാലങ്ങളിന്നീവിധം
കാണിപ്പൊന്നുകണക്കവര്‍ നടയിതില്‍ വെയ്ക്കുന്ന കാവ്യങ്ങളില്‍
കാണിയ്ക്കുന്നു വിദഗ്ദ്ധമാം രചനതന്‍ വാണീവരം നിസ്തുലം!
ശാര്‍ദ്ദൂലവിക്രീഡിതം.

പയ്യെപ്പയ്യെയെനിക്കു തോന്നി ഭുവനം സ്വര്‍ലോകമെന്നും സ്വയം
പയ്യെപ്പയ്യെ സുഖത്തിനുള്ള വകകള്‍ കണ്ടെത്തിയാറാടണം
പയ്യെപ്പയ്യെയടുത്തു കണ്ട വിനകള്‍ ചൊല്ലിത്തരുന്നാ ശ്രമേ
പയ്യെപ്പയ്യെലഭിക്കുമാത്മസുഖമേ സ്വര്‍ഗ്ഗം വരം മന്നിതില്‍
ശാര്‍ദ്ദൂലവിക്രീഡിതം.

മട്ടോലുംമൊഴിതന്റെ വാക്കിലിളകീ, ഭീമന്‍ പുറപ്പെട്ടു ചെ-
ന്നുത്സാഹത്തൊടു മേടുകാട്ടി വിപിനേയാര്‍ക്കുന്ന നേരത്തുടന്‍
വൃദ്ധന്‍ വാനരനൊന്നു ചൊല്ലി,”യിനിയെന്‍ വാലൊന്നൊമാറ്റീട്ടു നീ
പൊയ്ക്കോ”,പിന്നെ നടന്നതാലെ വിനയം കൈവന്നു കൌന്തേയനും.
ശാര്‍ദ്ദൂലവിക്രീഡിതം.

മിണ്ടാനുണ്ടിവനിണ്ടലൊന്നു സുമുഖീ, കാണാതെ നീയെങ്ങുപോയ്
ഉണ്ടാവേണമടുത്തുതന്നെയിനിമേല്‍ ഞാനെന്നുമാശിച്ചുപോയ്
വണ്ടാര്‍കൂന്തലിലൊന്നു തൊട്ടുതഴുകിച്ചേര്‍ത്തുല്ലസിച്ചാ മണി-
ച്ചുണ്ടില്‍ നല്ലൊരുമുത്തമേകുവതിനായ് ചിത്തം തുടിപ്പൂ ,പ്രിയേ.
ശാര്‍ദ്ദൂലവിക്രീഡിതം.

വന്നാട്ടേ വിജയാ,നിനക്കു വിജയം നേരുന്നു,നീയോര്‍ത്തിടൂ
നിന്‍‌ജ്യേഷ്ഠന്‍ വിജിഗീഷു കര്‍ണ്ണനുസമം വേറില്ലൊരാള്‍ നിശ്ചയം
നിന്‍‌താതന്‍ കപടംകളിച്ചു കവചം ധര്‍മ്മാര്‍ത്ഥിയായ് നേടി നിന്‍-
വന്‍‌നേട്ടത്തിനു മൂലമായതു മറന്നീടൊല്ല നിര്‍ല്ലജ്ജമായ്.
ശാര്‍ദ്ദൂലവ്വിക്രീഡിതം.

വാണീദേവിയുണര്‍ന്നിടേണമിനിയെന്‍ നാവില്‍ സദാ വര്‍ണ്ണമായ്
വാണീടേണമതിന്നു നിന്‍ പദമലര്‍ തേടുന്നിവന്‍ പൂര്‍ണ്ണമായ്
ചേണാര്‍ന്നുള്ള ഭവത്പദങ്ങളണിയും സ്വര്‍നൂപുരക്വാണമായ്
ഈണംചേര്‍ന്നുണരേണവേണമിനിയും കാവ്യം സുവര്‍ണ്ണാഭമായ്.
ശാര്‍ദ്ദൂലവിക്രീഡിതം.

എത്തിടുന്ന ജനചിത്തമാകെ നിറയുന്ന ഗോപശിശുവാണു,വ-
ന്നത്തലാകെയൊഴിവാക്കിടും മനസിയാത്തമോദവുമുയര്‍ത്തിടും
ഹൃത്തടത്തിലവനെത്തിടും നിമിഷമാത്മനിര്‍വൃതിയുണര്‍ന്നിടു-
ന്നിത്തരത്തിലവനൊത്തവണ്ണമുടനേകിടാം കുസുമമഞ്ജരീ.
.കുസുമമഞ്ജരി.

കട്ട വെണ്ണയൊരുമട്ടു തിന്നു കളിയാടിയോടി വരുമിന്നവന്‍
കഷ്ടതയ്ക്കു പരിഹാരമേകി സകലര്‍ക്കു തോഷവുമുതിര്‍ത്തവന്‍
തുഷ്ടിയോടെയിവനിഷ്ടമായ വരമൊക്കെയെന്നുമരുളുന്നവന്‍
സ്പഷ്ടമായിവരുമെന്റെ ഹൃത്തിലവനെപ്പൊഴും, കരുണയുള്ളവന്‍
കുസുമമഞ്ജരി.

മുട്ടുകുത്തി മൃദുഹാസമോടെയരികത്തുവന്നപടി,യൊച്ചവെ-
ച്ചിഷ്ടമായി മടിയില്‍ക്കരേറി നറുമുത്തമൊന്നു കവിളില്‍ തരും
കൊച്ചുപൈതലിവനേകിടുന്ന സുഖനിര്‍വൃതിക്കുപകരം വരാന്‍
മെച്ചമായവകയുച്ചരിപ്പതിനുമില്ല,തെല്ലുമിതില്‍ സംശയം.
കുസുമമഞ്ജരി.

ആളിക്കും തോന്നി ദുഃഖം, കളമൊഴിയിതുപോല്‍ നാഥനേയോര്‍ത്തുനിന്നാല്‍
ആളിക്കും ദുഃഖഭാരം വിധി,യിതു കഠിനം തന്നെയെന്നോര്‍ത്തു പോവും
ആളുന്നാ ഹൃത്തടത്തില്‍ കുളിരതുപകരാനെത്തിടേണ്ടോന്‍ മറന്ന-
ങ്ങാളുന്നൂ രാജ്യഭാരം ,മറവിയതൊഴിയും മോതിരം പോയി, കഷ്ടം!
സ്രഗ്ദ്ധര.

നേരോതാം,ശ്ലോകമോരോതരമിവിടെഴുതാനാഗ്രഹിക്കുന്നുവെന്നാല്‍
നേരേപോയക്കവീന്ദ്രര്‍ പലരുടെ രചനാവൈഭവം നീ ഗ്രഹിക്കൂ
പാരാതേ ചേര്‍ക്ക നന്നാം പലവിധപദമൊത്തര്‍ത്ഥവും വൃത്തഭംഗ്യാ
പാദങ്ങള്‍ വെച്ചുനോക്കൂ, സുഖകരമിതുപോല്‍ ശ്ലോകമാര്‍ക്കും രചിക്കാം.
സ്രഗ്ദ്ധര.

പാരം ക്ഷീണിച്ചു ഞാനീ പടികളൊരുവിധം കേറി നിന്‍ മുന്നിലെത്തും
നേരം നേരിട്ട ദുഃഖം സകലതുമുടനേ തീര്‍ന്നുപോയെന്നു കാണ്മൂ
തീരം കാണാതെ കാറ്റിന്‍ കലിയിലിളകിടും തോണിയാമെന്റെ ജീവ-
സ്സാരം നിന്മുന്നിലര്‍പ്പിച്ചതിനൊരു നിവരംകൂടി ഞാന്‍ നേടി ഭക്ത്യാ.
സ്രഗ്ദ്ധര.

തുഷാരഗിരിതന്നില്‍ നടമാടുമൊരു ഭാവമൊടു വാണിടണമെന്റെ ഹൃദയേ
വൃഷധ്വജനൊടെന്റെയൊരുചത്ഥമിതുതന്നെയതിലില്ലയിനി ശങ്കയെതുമേ
പരാപരനതിന്നു വഴിനല്‍കിടുമെനിക്കതുല മോദവുമുണര്‍ന്നുയരുമേ
വരുന്നഴലുമാറ്റിടുവതിന്നു വരമേകിടുമിവന്നതിനു ശംഭു ശരണം.
ശംഭുനടനം.

ശൈലശിഖരത്തിലൊരു പാദമെഴുതാനിവനു നൈപുണിതരൂ ഭഗവതീ
ശങ്കരി ശിവങ്കരിയതിന്നിവനു ശക്തിതരു നിങ്കലിവനെന്നുമഭയം
എന്‍‌കരമതിന്നു തവപാദയുഗളം പണിയുമില്ലതിനു തെല്ലു മടിയും
ശങ്കയിവനില്ലയിനിയെന്നുമിവനാ നടയിലെത്തിടുമതേറെ സുകൃതം.
ശൈലശിഖരം.(നവീനവൃത്തം)

ഭംജസന ഭംജസന ഗായൊടുവില്‍ വന്നിടുകില്‍ ശൈലശിഖരം നിരനിരേ.
അല്ലെങ്കില്‍
ശംഭുനടനത്തിനുടെയാദ്യലഘുനീക്കിടുകില്‍ ശൈലശിഖരം നിരനിരേ.
*********************************************************************************

Tuesday, July 5, 2011

ശ്ലോകമാധുരി.26.

വിനായകാ,നായകനായിവന്നീ-
വിനയ്ക്കു തീര്‍ത്തും പരിഹാരമേകൂ
വിനാ വിളംബം വരുകില്ലയെങ്കില്‍
വിനാശമുണ്ടാ,മതുമെത്ര മോശം.
ഉപേന്ദ്രവജ്ര.


അമ്പാടിതന്നിലൊരു ബാലകനുണ്ടു കേള്‍പ്പൂ
അന്‍‌പേറുമാശിശുവിനെന്നൊരുവന്‍ കഥിപ്പൂ
തുമ്പങ്ങളേറിയിവനാകെയുലഞ്ഞിരിപ്പൂ
ഇമ്പംതരുന്ന യദുബാലനെ ഞാന്‍ നമിപ്പൂ.
വസന്തതിലകം.
എന്തേ മനുഷ്യര്‍ ചിലരാസുരചിന്തയോടേ
ബന്ധുക്കളോടുമടരാടി നടന്നിടുന്നൂ
ചന്തംതികഞ്ഞ നരജന്മമിതേവിധത്തില്‍
കുന്തപ്പെടുത്തിവലയുന്നു സുബോധമെന്യേ.
വസന്തതിലകം.


നാണംകെടുംകുടിയൊടാടിയുലഞ്ഞു വന്നു
വേണോ ചിലര്‍ക്കു വിജയം ബഹുഘോഷമാക്കാന്‍
ആണുങ്ങളല്ലിവരമൂല്യമനുഷ്യജന്മം
ക്ഷീണംവരുത്തുമസുരര്‍ക്കുസമം ജഗത്തില്‍.
വസന്തതിലകം.

മാനത്തുനിന്നുമൊരു താരക മണ്ണില്‍ വീണൂ
മാനത്തൊടേയതിനെ ഞാനുടനേയെടുത്തൂ
മാനിച്ചു നല്ലഗതി നല്‍കി,യതിന്നെയെന്നേ
മാനിച്ചിടുന്ന വരഭാമിനിയാക്കി മാറ്റി.
വസന്തതിലകം.
‘ഒലക്കേടെ മൂടെ‘ന്നുചൊല്ലീട്ടിതെന്തേ
മലക്കം മറിഞ്ഞങ്ങു നില്‍ക്കുന്നു പെണ്ണേ
കുറേക്കാലമായീവിധത്തില്‍ നിനക്കീ
വഴക്കം വഴുക്കും വഴക്കെന്റെ നേര്‍ക്കും.
ഭുജംഗപ്രയാതം.
എടുപിടിയൊരുകാര്യം ചെയ്യുകില്‍ തെറ്റുപറ്റാം
നടപടിയതില്‍ മേലേ വന്നിടാം,ശ്രദ്ധ വേണം
കടുകിടെയിതില്‍ മാറ്റം വന്നിടാതൊന്നു നോക്കാ-
മുടനടി ഫലമുണ്ടാമെങ്കിലീ വാക്കു കേള്‍ക്കാം.
മാലിനി.


ഒരുപിടിയവില്‍മാത്രം നിന്നെ സം‌പ്രീതനാക്കാന്‍
മതി,യതു തെളിയിച്ചൂ നീ കുചേലന്റെ തോഴന്‍
അതിനൊരു ഗതിയില്ലാത്തോനിവന്‍ നിന്റെ മുന്നില്‍
വരുവതിനൊരു സൂത്രം ചൊല്ലുമോ സൂത്രശാലീ ?
മാലിനി.
ആടിക്കാറണിമുത്തുവാരി വിതറിപ്പോകുന്ന നേരം കളി-
ച്ചോടിച്ചാടിയതില്‍ക്കുളിച്ചു തനയന്‍ മെല്ലേ ഗൃഹം പൂകവേ
മാടിക്കോതി മുടിക്കുമുത്തമിടുവാന്‍ പോറ്റമ്മ ചെല്ലും വിധൌ
ഓടിച്ചാടിയൊളിച്ച ഗോകുലമണിക്കുഞ്ഞിന്നു ഞാന്‍ കൈതൊഴാം
ശാര്‍ദ്ദൂലവിക്രീഡിതം.
കല്യാണത്തിനു കാലമായി,തരുണിക്കെന്നും ഗുണം വന്നിടാന്‍
തുല്യംവന്നിടുമാളൊരാള്‍ക്കവളെയങ്ങേകാന്‍ ശ്രമിച്ചച്ഛനും
മൂല്യം നോക്കിവരുന്നൊരാളിലവളേ ചേര്‍ക്കേണമെന്നോര്‍ക്കിലും
മൂല്യം സ്വര്‍ണ്ണമണിക്കുനല്‍കുമൊരുവന്നേകൊല്ല, ദൌര്‍ഭാഗ്യമാം.
ശാര്‍ദ്ദൂലവിക്രീഡിതം.


കൈശ്യം ശോഭിതമാക്കിടും മലരുകള്‍ക്കുള്ളോരു ചന്തത്തിലും
വശ്യം നിന്‍ വദനാംബുജം,പറയുവാന്‍ കില്ലില്ല തെല്ലും പ്രിയേ
കാര്‍ശ്യം വന്നൊരു വള്ളിപോലെയിളകും നിന്മേനിയില്‍ പൂവുപോല്‍
ദൃശ്യം വന്നിടുമാ മലര്‍ മുകരുവാന്‍ മോഹിപ്പിതെന്‍ മാനസം.
ശാര്‍ദ്ദൂലവിക്രീഡിതം.

ശ്ലോകമാധുരി.25.

ശ്ലോകമാധുരി-25
ക്ഷപാജലം മുത്തുമണിക്കു തുല്യം
ക്ഷപാത്യയേ നീളെ വിളങ്ങിടുമ്പോള്‍
ക്ഷപാപഹാ,നിന്നുടെ വൈഭവത്താല്‍
ക്ഷമയ്ക്കു നീ ചാര്‍ത്തിയ ഹാരമായീ.
ഉപേന്ദ്രവജ്ര.


ദാരിദ്ര്യദുഃഖശമനം വരുവാനിതാ ഞാന്‍
നേരിട്ടു നിന്റെ സവിധത്തില്‍ വരുന്നു നിത്യം
കാര്യത്തിനിറ്റു പരിഹാരവുമില്ല,ദുഃഖം
ഭാരിച്ചിടുന്നു,ദുരിതാപഹ, പാഹി പാഹി.
വസന്തതിലകം.
 
ചിത്തത്തിലൊത്തപടി വാക്കുകള്‍ വന്നിടുമ്പോള്‍
മെത്തുന്ന മോദമൊടു ചേര്‍ത്തവ വെച്ചു നന്നായ്
മൊത്തം മികച്ചവിധമുത്തമകാവ്യമാക്കാ-
നൊത്തീടണേ,യടിയനാവരമേകു,വാണീ.
വസന്തതിലകം.


ബോദ്ധ്യംവരുന്നപടി കാര്യമുരച്ചുവെന്നാല്‍
സാദ്ധ്യംവരും,കദനമൊക്കെയൊഴിഞ്ഞുപോവും
ബോധിച്ചിടേണമതുമാത്രമതാണു മാര്‍ഗ്ഗം
ബാധിച്ചബാധയൊഴിവാന്‍ ബുധരോര്‍ക്കില്‍ നന്നാം.
വസന്തതിലകം.
 

വാലിട്ടു കണ്ണെഴുതി നീയരികേവരുമ്പോള്‍
ഓലക്കമായി നടമാടിടുമെന്റെ ചിത്തം
നീലാഞ്ജനാഭകലരും മിഴിതന്നില്‍ നാണ-
മാലോലമായിയലതല്ലുവതെത്ര ഹൃദ്യം!
വസന്തതിലകം.


 ഇരുമുടിസഹിതം നിന്‍മുന്നിലെത്തീട്ടു നിന്നോ-
ടൊരുപിടി ദുരിതങ്ങള്‍ ചൊല്ലുവാനായി വന്നേന്‍
ഹരിഹരസുത,നീയെന്‍ മാലതെല്ലാമകറ്റും
വരഗതി തരവേണം,വേറെയില്ലാശ്രയം മേ.
വസന്തതിലകം.
 

തുള്ളിക്കളിച്ചു ഹരിണങ്ങളിടയ്ക്കിടയ്ക്കു
വെള്ളം കുടിക്കുവതിനെത്തുമതൊന്നു കാണാം
കള്ളത്തരത്തിലവയേ പിടികൂടുവാനായ്
പുള്ളിപ്പുലിയ്ക്കു മടിയില്ലതിലാണു കഷ്ടം.
വസന്തതിലകം.
 

നന്നായിവന്നിടണമെന്നു നിനച്ചു നമ്മള്‍
നന്നായ നല്ലവഴി ചൊല്ലിവളര്‍ത്തി,പക്ഷേ
നന്നായതില്ല തനയന്‍,വഴിതെറ്റിവന്നു
നന്നായതൊക്കെ മടിയെന്യെ മുടിച്ചു,കഷ്ടം.
വസന്തതിലകം.


സമ്മോഹനാസ്ത്രമിരുകണ്ണുകളാല്‍തൊടുത്തി-
ട്ടെന്മാനസത്തില്‍ വിരുതോടെയയച്ചിടുമ്പോള്‍
ഉന്മാദമായപടിയാടിടുമെന്റെ ചിത്തം
നിന്മേനിയൊന്നു പുണരാന്‍ കൊതി പൂണ്ടിടുന്നൂ.
വസന്തതിലകം.
 

ശോഭായമാന ദിനമൊന്നു കൊതിച്ചു സത്യം
സൌഭാഗ്യദായിനി നിനക്കിവയേകി,നിത്യം
ഈ ഭാഗ്യഹീനനതിനൊത്ത വരം ലഭിക്കും
വൈഭോഗമൊന്നു തരുമോ,ഹിതകാരിണീ നീ?
വസന്തതിലകം.
 

ആടിത്തിമിര്‍ത്തു മഴയെത്തി,യിതിത്രകാലം
വാടിത്തളര്‍ന്ന മനമാകെയുണര്‍ന്നുവന്നൂ
കൂടെത്തുടിച്ചു നിനവില്‍ മിഴിവാര്‍ന്ന ബാല്യം
ചാടിത്തകര്‍ത്തു നനയാന്‍ കൊതി പൂണ്ടിടുന്നൂ‍.
വസന്തതിലകം.
 

കാമാരി തന്‍ ഹൃദയഹാരിണിയായ ദേവീ
ഈ മായതന്‍ കളികളൊന്നു കഥിച്ചിടാമോ
ആ മന്മഥന്റെ കഥതീര്‍ത്തവനെങ്കിലും നിന്‍
പൂമേനിയൊന്നു തഴുകാനവനെത്തിയില്ലേ !
വസന്തതിലകം.
 

“ഇന്നാള്‍വരേക്കുമിവനോടെതിരിട്ടൊരാളും
നിന്നിട്ടുമില്ല,യിനിനില്‍ക്കയുമില്ല മുന്നില്‍“
അന്നാവിധത്തിലലറിക്കലിയോടെ വന്നോ-
രിന്ദ്രാത്മജന്റെ ഗതി സദ്ഗതിയാക്കി രാമന്‍.
വസന്തതിലകം.


നനയുക സഖി നീയെന്‍ ഹര്‍ഷവര്‍ഷത്തില്‍ നന്നായ്
ഇനിയൊരു സുഖകാലം വന്നിടും മെല്ലെമെല്ലേ
ശനിയിതവിടചൊല്ലീ, പീഡനം തീര്‍ന്നു,സൌമ്യന്‍
കനിവൊടെയുടനേകും ഭാഗ്യയോഗം നമുക്കും.
(സൌമ്യന്‍ = ബുധന്‍).
മാലിനി.
 

വനികയിലൊരുമുല്ലപ്പൂവുപോല്‍ നീയൊരിക്കല്‍
ചെറിയൊരു ചിരി തൂകിക്കൊണ്ടടുത്തെത്തിയില്ലേ
പറയുക കളിയല്ലാ,നിന്റെയാ മന്ദഹാസം
മദഭരമൊരു മോഹം ചേര്‍ത്തിതെന്‍ ഹൃത്തടത്തില്‍.
മാലിനി.
 

അടിയനിവിടെവന്നിട്ടീവിധം ശോകമെല്ലാം
ഉടനെയടിപുഴക്കാന്‍ നിന്‍പദം കൂപ്പിനില്പൂ
മടിയൊടെ മരുവൊല്ലേ, നീ ദയാസിന്ധുവല്ലേ
അടിമുടിയഭിഷേകം ചെയ്‌വതെന്‍ സ്നേഹമല്ലേ.
മാലിനി.
 

ഒരുപിടിയവില്‍മാത്രം നിന്നെ സം‌പ്രീതനാക്കാന്‍
മതി,യതു തെളിയിച്ചൂ നീ കുചേലന്റെ തോഴന്‍
അതിനൊരു ഗതിയില്ലാത്തോനിവന്‍ നിന്റെ മുന്നില്‍
വരുവതിനൊരു സൂത്രം ചൊല്ലുമോ സൂത്രശാലീ ?
മാലിനി.


ശല്യം വന്നിടുമുല്‍ക്കടം ദയിതകള്‍ രണ്ടുള്ളമണ്ടന്നു കൈ-
വല്യം വന്നിടുമൊത്തവണ്ണമവര്‍തന്‍ ദുര്‍ഭാഷണം കേള്‍ക്കുകില്‍
തുല്യം വന്നിടുകില്ല തെല്ലുമിവരില്‍ ദുര്‍ബുദ്ധിയും ബുദ്ധിയും
മൂല്യം വന്നിടുകില്ലിവര്‍ക്കു ജളരേ,ദാരങ്ങളേകം വരം.
ശാര്‍ദ്ദൂലവിക്രീഡിതം.


വന്നെത്തീ സ്വരദേവി കാവ്യസഭയില്‍ മന്ദസ്മിതത്തോടെ താ-
നിന്നത്തേ കവിതയ്ക്കു ഭൂഷയിടുവാന്‍ വര്‍ണ്ണങ്ങളാലുജ്ജ്വലം
മന്നില്‍ തേന്മധുരം കിനിഞ്ഞു നിറയും ശ്ലോകങ്ങള്‍ നല്‍‌വാക്കിനാല്‍
മുന്നില്‍ തന്നെ നിരന്നിടുന്നു,കവിതേ നീയാര്‍ന്നിതാ സൌഭഗം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മിന്നും താരകളംബരത്തില്‍ നിറയേ,മന്ദാനിലന്‍ വീശവേ
മന്ദം നീ വരു മന്ദഹാസവദനേ,ചിന്തിക്കവേണ്ടൊന്നുമേ
സൌന്ദര്യം മിഴിവാര്‍ന്നുണര്‍ന്ന വദനം നീയൊന്നുയര്‍ത്തീടുകില്‍
ചന്തം കാണുകിലിന്ദു മെല്ലെ മറയും മേഘങ്ങളില്‍ സ്പര്‍ദ്ധയാല്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മുല്ലേ,നിന്‍ ചിരികണ്ടിടുന്ന സമയം സല്ലീനമോദത്തൊടെന്‍
മല്ലാക്ഷീമണി പുഞ്ചിരിച്ചുവരുമാ ഭാവങ്ങളോര്‍മ്മിപ്പു ഞാന്‍
ഇല്ലാ നല്ലൊരുമാര്‍ഗ്ഗമീ മരുവുടന്‍ വിട്ടൊന്നു പോന്നീടുവാന്‍
വല്ലാതീവിധമിങ്ങുതന്നെകഴിയാനാണിപ്പൊഴെന്‍ ദുര്‍വിധി.
ശാര്‍ദ്ദൂലവിക്രീഡിതം.
 

“ഉണ്ണീ,വെണ്ണയെടുത്തിടൊല്ല,യിനി നീ കള്ളത്തരം കാട്ടിയാല്‍
ദണ്ണിപ്പിക്കുവതിന്നു ഞാന്‍ വടിയെടുത്തീടും മറക്കൊല്ല നീ“
എണ്ണിക്കൊണ്ടിവിധം യശോദ പറകേ കൊഞ്ചിക്കുണുങ്ങിച്ചിരി-
ച്ചുണ്ണാന്‍ വെണ്ണ കവര്‍ന്ന കണ്ണനെ മനക്കാമ്പില്‍ തളച്ചിട്ടു ഞാന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.


നേരം‌പോക്കിനു വേണ്ടിഞാന്‍ വിവിധമാം ശ്ലോകങ്ങള്‍ തീര്‍ത്തൊക്കെയും
നേരേതന്നെ നിരത്തിവെച്ചു,നിറവില്‍ പാടട്ടെയാസ്വാദകര്‍
ഓരോരോ പികവാണി വന്നിവയെടുത്താലാ‍പനം ചെയ്യവേ
ഓരോ ഭാവമതില്‍ തെളിഞ്ഞു മിഴിവില്‍,സംതൃപ്തമായെന്‍ മനം.
ശാര്‍ദ്ദൂലവിക്രീഡിതം.


വ്യാഴം പോയിമറഞ്ഞിതാ,പതിയെയാ ജ്യോതിയ്ക്കുമായ് മീലനം
ഭാവം രാശി തെളിച്ചുതന്നു,വിധിയാലാലാലമായ് കാലവും
‘ദേവീ,നീ വരു ശോഭയോടെ ശുഭമായീ സങ്കടം തീര്‍ക്കുവാന്‍ ‘
ഏവം ചൊല്ലിയിരിപ്പു ഞാന്‍,ശനിദശാകാലം മഹാദുര്‍ഘടം.
ശാര്‍ദ്ദൂലവിക്രീഡിതം.


പേരേറുന്നവരെത്രയാണു കവിതാവേദിക്കു സൌഭാഗ്യമായ്
നേരേതന്നെ നിരന്നിരുപ്പു കവിതാപാദങ്ങള്‍ ചൊല്ലീടുവാന്‍
ഓരോശ്ലോകവുമീണമാര്‍ന്നു മധുരം പാടുന്നു,കേട്ടീടവേ
തീരുന്നെന്നുടെ ശോകമൊക്കെ,വിടരുന്നാത്മപ്രഹര്‍ഷം ജവം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

താളം തുള്ളിയുലഞ്ഞു വന്നു ശിലയില്‍ വീണിട്ടു താഴോട്ടു വന്‍-
മേളത്തോടൊഴുകുന്നൊരീ പുഴയിലേയോളങ്ങളില്‍ കൂടി ഞാന്‍
കേളിക്കായൊരു തോണിയേറിയുണര്‍വായ് മെല്ലെത്തുഴഞ്ഞീവിധം
മേളിക്കുമ്പൊളുണര്‍ന്നിടുന്ന രസമങ്ങോതാവതല്ലെന്‍ സഖേ !.
ശാര്‍ദ്ദൂലവിക്രീഡിതം.

നിന്നില്‍ നിന്നു തുടങ്ങിടുന്നു ഭുവനം നീതന്നെയാണന്ത്യവും
നീയില്ലാത്തൊരു വസ്തുവില്ല ധരയില്‍ നീയാണു സര്‍വ്വം ഹരേ
നിന്നേയൊന്നു നമിക്കുകില്‍ ജനിമൃതിശ്ശോകങ്ങളും ശൂന്യമാം
നീ താനേ ശരണം നരന്നു ശമവും നല്‍കുന്ന ശര്‍വന്‍,ഭവന്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മാനിക്കുന്ന ജനത്തൊടൊത്തു കവിതാപാദങ്ങള്‍ തീര്‍ത്തീടുവാന്‍
മാനത്തോടെയിരിപ്പു ഞാനിവിടെ വാഗ്ഭാഗ്യം ലഭിച്ചീടുവാന്‍
മാനം നോക്കിയിരുന്നു തന്നെ സമയം പോയല്ലൊ,വൈകാതെയെന്‍
മാനം കാക്കുവതിന്നു ചോദന തരാനെത്തീടു,വാഗീശ്വരീ.
ശാര്‍ദ്ദൂലവിക്രീഡിതം.
 

ധ്യാനംകൊണ്ടു മനസ്സിനെത്ര ഗുണമുണ്ടാമെന്നു കണ്ടീടുവാന്‍
നൂനം വന്നിടുകീയുഷസ്സിലിവിടേയ്ക്കാമന്ദമായെന്‍ സഖേ
ഗാനം മന്ദമുയര്‍ന്നിടും,മനമുടന്‍ ശാന്തം വരും,തെല്ലു നീ-
യാനന്ദത്തൊടു കണ്ണടച്ചതിലലിഞ്ഞൊന്നിങ്ങിരുന്നീടുകില്‍.
ശാര്‍ദ്ദൂലവിക്രീഡിതം.
 

സ്യാനന്ദൂരപുരത്തിനെന്നുമഴകായ് ശോഭിച്ചിടും വിഗ്രഹം
സാനന്ദം കണികാണുവാനൊരുദിനം പോവാനിവന്നാഗ്രഹം
ആനന്ദത്തൊടുചെന്നുകാണ്‍കിലെവനും പാപങ്ങള്‍തന്‍ നിഗ്രഹം
താനേവന്നിടുമെന്ന സത്യമതുതാ‌നോര്‍ത്തീടുകീ സംഗ്രഹം.

 ശാര്‍ദ്ദൂലവിക്രീഡിതം 

രണ്ടുണ്ടിണ്ടലെനിക്കു തൊണ്ടതകരും മട്ടില്‍ കഥിക്കാന്‍ സ്വയം
മണ്ടത്തങ്ങളിടക്കിടക്കു മടിയാതോതുന്നതാണൊന്നതില്‍
ചെണ്ടക്കിട്ടു പെരുക്കുകിട്ടുമളവില്‍ ദണ്ഡിപ്പു കേട്ടീടുവോര്‍
രണ്ടാമിണ്ടലതാണു,വേണ്ടിതു സഖേ,മിണ്ടാതെ ഞാന്‍ മണ്ടിടാം.
ശാര്‍ദ്ദൂലവിക്രീഡിതം.


 ലക്കില്ലാതെ നടന്നിടൊല്ല മഠയാ,നില്‍ക്കുന്നു പോലീസുകാര്‍
പൊക്കും,പിന്നൊരു ജേലിലാക്കുമൊടുവില്‍ കേസില്‍‌പെടും നിശ്ചയം
ഒക്കില്ലെന്നുപറഞ്ഞിടൊല്ല,യിനി നീ പോക്രിത്തരം കാട്ടിയാല്‍
തക്കംനോക്കിയടിച്ചു നേര്‍വഴിയിലേക്കാക്കീടുമോര്‍ത്തീടു നീ.
ശാര്‍ദ്ദൂലവിക്രീഡിതം


.ചുറ്റും മെല്ലെ സുഗന്ധമേകിയെരിയും നല്‍ചന്ദനക്കാതലാ-
യേറ്റം നല്ലൊരു ജീവിതം സുകൃതികള്‍ നേടുന്നു തന്‍പുണ്യമായ്
ഊറ്റം കൊള്ളുകയില്ല,നല്ലഗുണമേ നല്‍കൂ,മഹത്ത്വത്തിനാല്‍
മാറ്റാര്‍പോലുമിണങ്ങിനില്‍ക്കു,മിതുതാന്‍ സൌഭാഗ്യസഞ്ജീവനം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

കണ്ണാ,നിന്നുടെ കള്ളനോട്ടമൊളിവില്‍ നീട്ടൊല്ലയെന്‍നേര്‍ക്കു,നിന്‍
വെണ്ണക്കള്ളനതെന്ന നാമമിവനില്‍ ചാര്‍ത്തൊല്ല,ഞാന്‍ ശുദ്ധനാം
ഉണ്ണാനായ് നവനീതമല്പമിവനും വേണം,തിരഞ്ഞീടവേ
കണ്ണില്‍പ്പെട്ടതു തൃക്കരത്തില്‍ നിറയും തൂവെണ്ണയാണോര്‍ക്കണം.
ശാര്‍ദ്ദൂലവിക്രീഡിതം.
 

മഞ്ചാടിക്കുരു വാരിയിട്ടു ശരിയായെണ്ണാന്‍ പറഞ്ഞീടവേ
പഞ്ചാരച്ചിരിതൂകി,യെന്റെകവിളില്‍ മുത്തംപകര്‍ന്നിട്ടു നീ
അഞ്ചാറെണ്ണമെടുത്തതൊക്കെ ശരിയായെണ്ണീട്ടിളംതിണ്ണയില്‍
കൊഞ്ചിച്ചാടിനടത്തിടുന്ന കളികണ്ടോര്‍ക്കുന്നിതെന്‍ ബാല്യവും.
ശാര്‍ദ്ദൂലവിക്രീഡിതം.
 

അംഭോജാനനകാന്തി കണ്ടൊരുദിനം സല്ലീനമായെന്‍ മനം
സുംഭാദ്യാസുരസൂദിനീ,മതിമറന്നാടുന്നു നിന്‍മായയില്‍
എന്‍ഭാഗ്യം തവരൂപമിത്രനിറവില്‍ കാണാന്‍കഴിഞ്ഞെ,ന്നപോല്‍
സൌഭാഗ്യങ്ങളനേകമായിയിനിയും നല്‍കേണമെന്നംബികേ.
ശാര്‍ദ്ദൂലവിക്രീഡിതം
 

കാലം പോയൊരുപോക്കുനോക്കു,ജനിതാക്കള്‍ക്കൊക്കെ വൃദ്ധാലയം
ചേലില്‍നല്‍കിനടന്നിടുന്നു സുതര,ങ്ങെല്ലാം തിരക്കല്ലയോ!
മാലാര്‍ന്നങ്ങു വസിപ്പവര്‍ക്കതില്‍സുഖംതോന്നില്ലതെല്ലും, സ്വയം
കാലും നീട്ടിയിരിപ്പു, കാലനുവരാന്‍ കാലം നിനച്ചങ്ങനേ.
ശാര്‍ദ്ദൂലവിക്രീഡിതം.


നില്‍ക്കാനുണ്ടൊരു വേദിയിങ്ങിവിടെയെന്‍ നല്‍ക്കാവ്യമുത്തുക്കള-
ങ്ങെക്കാലം നിറവോടെ വെക്കുമിടവും നല്‍കുന്നു തുഷ്‌ട്യാ പ്രിയര്‍
ഇക്കാലത്തു തരിമ്പസൂയപെരുകാതീവണ്ണമെന്‍ സൃഷ്ടികള്‍-
ക്കൊക്കേയും നറുവാക്കിനാല്‍ നുതിതരും പൂജ്യര്‍ക്കു ഞാന്‍ കൈതൊഴാം.
ശാര്‍ദ്ദൂലവിക്രീഡിതം.


തങ്കത്തിന്‍ മൂല്യമേറീ,വനിതകളതിനാലാകെ ബേജാറിലായീ
പങ്കപ്പാടേറെയായീ,ഗൃഹമിതില്‍ ഭയമില്ലാതെ വാഴാതെയായീ
ചോരന്മാര്‍ക്കോണമായീ,നൊടിയിടെ ധനമാര്‍ജ്ജിക്കുവാന്‍ മാര്‍ഗ്ഗമായീ
നേരോതാം, ഭാരമായീ ഗൃഹിണികളണിയും തങ്കമാതങ്കമായീ.
സ്രഗ്ദ്ധര.